വാഷിംഗ്ടൺ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് ഗംഭീര സ്വീകരണം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടണിന് പുറത്തുള്ള ജോയിന്റ് ബേസ് ആൻഡ്രൂസ് വ്യോമസേനാ താവളത്തിലെത്തിയാണ് ട്രംപും പ്രഥമവനിത മെലാനിയ ട്രംപും ചേര്ന്ന് ഷി ജിൻപിംഗിനെയും ഭാര്യ പെംഗ് ലിയുവാനെയും നേരിട്ട് സ്വീകരിച്ചത്.
സാധാരണയായി വിദേശ നേതാക്കളെ വൈറ്റ് ഹൗസിൽ വെച്ചാണ് യുഎസ് പ്രസിഡന്റുമാർ സ്വീകരിക്കാറുള്ളത്. എന്നാൽ നയതന്ത്ര പ്രോട്ടോകോളുകൾ മാറ്റിവെച്ച് എയർപോർട്ടിലെത്തി സ്വീകരിച്ച ട്രംപിന്റെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മിലിറ്ററി ബാൻഡിന്റെ അകമ്പടിയോടെയും ബി-1 ബോംബർ വിമാനങ്ങളുടെ ഫ്ലൈപാസ്റ്റോടെയുമാണ് ചൈനീസ് സംഘത്തെ വരവേറ്റത്.
വ്യാപാര തർക്കങ്ങൾ, കൃത്രിമബുദ്ധി മേഖലയിലെ മത്സരം, ഇറാന്റെ മേലുള്ള ഉപരോധം തുടങ്ങി നിർണായക വിഷയങ്ങളിൽ വ്യാഴാഴ്ച ഇരുനേതാക്കളും ഉച്ചകോടി ചർച്ചകൾ നടത്തും. പ്രമുഖ അമേരിക്കൻ സാങ്കേതിക കമ്പനികളുടെ മേധാവികൾ പങ്കെടുക്കുന്ന ഔദ്യോഗിക വിരുന്ന് വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടക്കും.
കഴിഞ്ഞ മേയ് മാസത്തിൽ ട്രംപ് ബീജിംഗ് സന്ദർശിച്ചിരുന്നെങ്കിലും വിമാനത്താവളത്തിൽ ഷി ജിൻപിംഗ് എത്തിയിരുന്നില്ല. ഇതിനു മറുപടിയായാണ് ട്രംപ് ഇത്തവണ നേരിട്ടെത്തി ചൈനീസ് പ്രസിഡന്റിന് ആദരവറിയിച്ചത്.
തുടർച്ചയായ സാമ്പത്തിക തർക്കങ്ങൾക്കിടയിലും ഇരു ശക്തികളും തമ്മിലുള്ള ബന്ധം കൂടുതൽ സംഘർഷഭരിതമാകാതെ മുൻപോട്ടു കൊണ്ടുപോകാനാണ് ഈ സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.